Friday, November 2, 2018

ജ്യോതിഷത്തിന്‍റെ ശാഖകള്‍ (Wings Of Astrology)

ജ്യോതിഷം വേദപുരുഷന്‍റെ അംഗങ്ങളില്‍ ഒന്നാണ് (വേദ ചക്ഷുസ്). ജ്യോതിര്‍ഗോളങ്ങളെ കുറിച്ചും അവ ഭൂമിയില്‍ ചെലുത്തുന്ന സ്വാധീനവുമാണ് ഈ ശാസ്ത്ര വിഭാഗത്തിന്‍റെ പഠന വിഷയം. പ്രധാനമായും ഗണിതം, സംഹിത, ഹോര എന്നീ സ്കന്ധങ്ങ(ശാഖകള്‍)ളാണ് ജ്യോതിഷത്തിനുള്ളത്. ഇതിനു പുറമേ വിവിധ സ്കന്ധങ്ങളില്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ആറ് അംഗങ്ങളായും തിരിച്ചിട്ടുണ്ട്.


സ്കന്ധത്രയാത്മകം ജ്യോതിശാസ്ത്രമേ തൽ ഷഡംഗവൽ

ഗണിതം സംഹിതാ ഹോര ചേതി സ്കന്ധത്രയം മതം


ജാതക ഗോള നിമിത്ത പ്രശ്നമുഹൂർത്താഖ്യ ഗണിതനാമാനി


അഭിദധതീഹ ഷഡംഗാന്യാചാര്യാ ജ്യോതിഷേ മഹാശാസ്ത്രേ



ഗണിതം, സംഹിത, ഹോര എന്നിവയാണ് സ്കന്ധങ്ങള്‍. ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂര്‍ത്തം, ഗണിതം എന്നിവയാണ് അംഗങ്ങള്‍.


ജാതകം ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്ന വിഭാഗവും ഗോളം എന്നത് ഭൂമി, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, മുതലായവയുടെ സ്വരൂപനിരൂപണവും പരസ്പര സ്വാധീനവും നിമിത്തം താൽക്കാലികമായ ശകുനലക്ഷണ ങ്ങളെ ക്കൊണ്ട് ഫലം പറയുന്ന ശാഖയും പ്രശ്നം എന്നത് താല്‍ക്കാലികമായി ആരൂഡ രാശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്ന വിദ്യയും മുഹൂര്‍ത്തം യജ്ഞ  വിവാഹാദികർമ്മങ്ങളുടെ കാലനിർണ്ണയം ചെയ്യുന്ന വിഭാഗവും ഗണിതം എന്നത് സൂര്യന്‍, ചന്ദ്രന്‍ എന്നിവയുടെയും മറ്റു ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികൾ ഗണിച്ചറിയുന്ന വിഭാഗവും ആകുന്നു. ജ്യോതിഷം കാലഗണനാ ശാസ്ത്രം കൂടിയാണ്. സൂര്യാദി ഗോളങ്ങളുടെ ഉദയാസ്തമനങ്ങളും ചലനവ്യവസ്ഥകളും സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം മുതലായവയും വസന്താദി ഋതുക്കളുടെ കാലനിർണയവും ജ്യോതിഷത്തിൽ പ്രതിപാദിക്കുന്നു

ഗോളോ ഗണിതം ചേതി ദ്വിതയം ഖലു ഗണിത സംജ്ഞിതേ സ്കന്ധേ

ഹോരാ സംഹിതയോരപി നിമിത്തമന്യത്രയം ച ഹോരാഖ്യേ.


ആറ് അംഗങ്ങളിൽ ഗോളം, ഗണിതം, എന്ന രണ്ടു് അംഗങ്ങൾ ഗണിത സ്കന്ധത്തിലും നിമിത്തം ഹോരാ സ്കന്ധത്തിലും സംഹിതാ സ്കന്ധത്തിലും, ബാക്കിയുള്ള ജാതകം,പ്രശ്നം, മുഹൂർത്തം എന്നിവ ഹോരാ സ്കന്ധത്തിലും ഉള്‍പ്പെടുന്നു.


ജ്യോതിഃ ശാസ്ത്രമനേക ഭേദവിഷയം സ്‌കന്ധത്രയാധിഷ്ഠിതം
തത്കാര്‍ത്സ്‌ന്യോപ യസ്യ നാമ മുനിഭിഃ സങ്കീര്‍ത്ത്യതേ സംഹിതാ

സ്‌കന്ധേസ്മിന്‍ ഗണിതേന യാ ഗ്രഹഗതിര്‍സ്തത്രാഭിധാനസ്ത്വസൗ

ഹോരാന്യോംഗ വിനിശ്ചയശ്ച കഥിതഃ സ്‌കന്ധസ്ത്രിതീയോപരഃ


യഥാ ശിഖാ മയൂരാണാം നാഗാനാം മണയോ യഥാ

തദ്വദ് വേദാംഗശാസ്ത്രാണാം ഗണിതം മൂര്‍ദ്ധനി സ്ഥിതം 


എന്ന ശ്ലോകത്തില്‍ നിന്ന് തന്നെ ഗണിതവിഭാഗത്തിന്റെ പ്രാധാന്യം മനസിലാക്കാം. ഗണിതസ്കന്ധത്തിന് സിദ്ധാന്തസ്കന്ധം എന്നും പേരുണ്ട്. ഗണിതം എന്നതില്‍ ശുദ്ധഗണിതവും (Arithmatics), കാലഗണിതവും (Horology/Chrononomy), ഗ്രഹ ഗണിതവും (Planetology) ഉള്‍പ്പെടുന്നു.

ഗ്രഹങ്ങളുടെ ഗതി വിഗതികളുടെ കണക്കുകൂട്ടുന്ന ശാസ്ത്രമാണ് ജ്യോതിഷ ഗണിതം. കലിദിനം , സംവത്സരം, അയനം, മാസം , പക്ഷം, പഞ്ചാംഗം (തിഥി, വാരം, നക്ഷത്രം, യോഗം, കരണം, ഗ്രഹസ്ഥിതി, രാശി, ലഗ്നം, ഗ്രഹയുദ്ധം, ഗ്രഹ സമാഗമം, ഗ്രഹ മൗഢ്യം, ദൃഷ്ടി ഇവയെല്ലാം ഗണിതത്തിൽ പെടും. 

ഗോളം (Planetary Science) എന്നതുകൊണ്ട് ആകാശ വസ്തുക്കളുടെ പഠനവും, വാനനിരീക്ഷണവും, പ്രപഞ്ചോല്‍പത്തി പഠനവും സൂചിപ്പിക്കുന്നു. 

സംഹിത എന്നത് സാമൂഹ്യ ശാസ്ത്ര പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ള പ്രവചനമാണ്. ഒരു രാജ്യത്തെ ജനസമൂഹത്തെയും ഭരണാധികാരികളെയും, രാഷ്ട്രത്തിന്‍റെ സ്ഥിരതയും സൈനിക ബലത്തെയും കാലാവസ്ഥയെയും ഗ്രഹസ്ഥാനങ്ങളും ഗ്രഹ ബന്ധങ്ങളും സ്വാധീനിക്കുന്നതാണ് സംഹിതയിലെ വിഷയം. 


ഹോര അഥവാ ജാതകം ജനനസമയത്തെ ആധാരമാക്കി ഫലം പ്രവചിക്കുന്നു. താൽക്കാലികങ്ങളായ നിമിത്തങ്ങള്‍ നിരീക്ഷിച്ച് ഫലം പറയുന്നതും രാജ്യക്ഷേമകാര്യങ്ങള്‍ വിലയിരുത്തുന്നതും നിമിത്തം എന്ന വിഭാഗത്തില്‍ വരുന്നു. പൃച്ഛകന്‍ വരുന്ന നേരത്ത് താൽക്കാലികാരൂഢ രാശിയുണ്ടാക്കി നിമിത്തങ്ങളും നോക്കി ഫല നിരൂപണം ചെയ്യുന്നത് പ്രശ്നം. ജ്യോതിഷത്തെ ഒരു ശരീരമായി കണക്കാക്കിയാല്‍ മേല്‍പ്പറഞ്ഞവയെല്ലാം അതിലെ അവയവങ്ങള്‍ ആണ്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.



No comments:

Post a Comment