പൌരാണിക കാലഘട്ടത്തില്‍ ജ്യോതിശാസ്ത്രവും(Astronomy) ജ്യോതിഷവും (Astrology) രണ്ടായിരുന്നില്ല. മനുഷ്യന് എന്നും ആകാശം ഒരു അദ്ഭുതമായിരുന്നു. മാറിമാറി വരുന്ന രാവും പകലും........ രാവില്‍ മിന്നാമിനുങ്ങുകളായി ആകാശത്തില്‍ തെളിയുന്ന നക്ഷത്രങ്ങള്‍ സൂര്യന്‍ ഉദിക്കുമ്പോള്‍ എവിടെ പോകുന്നു? വളര തിളക്കമേറിയ ചില പ്രകാശ വസ്തുക്കള്‍ അനുദിനം സ്ഥാനം മാറുന്നത് എന്തുകൊണ്ട്? ചില നക്ഷത്രങ്ങള്‍ എന്നും ഒരേ ദിക്കില്‍ തന്നെ കാണപ്പെടുന്നത് എന്തുകൊണ്ട്? എന്നിങ്ങനെ എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് അവന്‍ ഉത്തരം തേടി.
ആകാശത്തിന്‍റെ അനന്തതയിലുള്ള നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചുള്ള അന്വേഷണവും നിരീക്ഷണവുമാണ് പ്രാചീന ജ്യോതിശാസ്ത്രത്തിന്‍റെ വിത്ത് പാകിയത്. ഇങ്ങനെ കണ്ടെത്തിയ ഗണിത സമവാക്യങ്ങളില്‍ നിന്നാണ് ജ്യോതിഷവും ജ്യോതിശാസ്ത്രവും വികസിച്ചു വന്നത് . കൃഷിയുമായി ബന്ധപ്പെട്ട കാലാവസ്ഥാ നിരീക്ഷണമാണ് ഇതിലൂടെ ലഭ്യമായ മറ്റൊരു വിദ്യ. സൂര്യന്‍ ഉദിക്കുന്ന സ്ഥാനം എന്നും ഒരിടത്തല്ല എന്നും ഗ്രഹങ്ങള്‍ പല വേഗത്തില്‍ വ്യത്യസ്ത തലങ്ങളില്‍ ചലിക്കുന്നു എന്നും ചന്ദ്രന്‍റെയും സൂര്യന്‍റെയും മാറ്റങ്ങള്‍ക്ക് അനുസൃതമായി മഴ, വേനല്‍, ശൈത്യം, വസന്തം തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകുന്നതായും അവര്‍ കണ്ടു. പല ഭൂഖണ്ഡങ്ങളിലും അന്ന് നിലവിലിരുന്ന സംസ്കാരങ്ങള്‍ അവരുടെ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ പഠന വിധേയമാക്കിയിരുന്നു.
ഭാരതത്തിനും മഹത്തായ ഒരു ജ്യോതിശാസ്ത്ര പാരമ്പര്യം ഉണ്ട്. പ്രാചീന ഭാരതത്തിലും കൃഷിയുമായി ബന്ധപ്പെട്ട കാലാവസ്ഥാ പ്രവചനമായിട്ടുതന്നെ ആയിരുന്നു ജ്യോതിഷത്തിന്‍റെ തുടക്കം. അന്ന് ജ്യോതിഷത്തിന്‍റെ പ്രധാന ഉദ്ദേശ്യം കാലഗണനയും ദിക്‌ഗണനയുമായിരുന്നു. ഇതേ സമയത്ത് തന്നെ ഗ്രീസിലും ബാബിലോണിയയിലും ഈജിപ്റ്റിലും ക്രമേണ അറേബ്യയിലും ആകാശ ഗോളങ്ങളുടെയും പ്രതിഭാസങ്ങളുടെയും പഠനം വികസിച്ചു വന്നിരുന്നു.
വേദ കാലഘട്ടത്തോടുകൂടി ഭാരതീയ ശാസ്ത്ര ശാഖകളെല്ലാം പൌരാണിക വിജ്ഞാന സ്രോതസ്സുകളായ വേദങ്ങളില്‍ അധിഷ്ഠിതമായിത്തീർന്നു . എല്ലാ ശാസ്ത്രാംഗങ്ങളും ഉള്‍ക്കൊള്ളുന്ന വേദ ശരീരത്തിന്‍റെ നയനങ്ങള്‍ ആയാണ് ജ്യോതിഷം അറിയപ്പെടുന്നത്. അതായത് വേദങ്ങളുടെ സാരാംശം പൂര്‍ണ്ണമായും കാണണമെങ്കില്‍ ജ്യോതിശാസ്ത്രം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ് എന്നര്‍ത്ഥം.
ജ്യോതിഃ കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ
ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദുഃ ശ്രുതേഃ
എന്നതു പ്രകാരം ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷ, വ്യാകരണം, ഛന്ദസ്സ് എന്നിവയാണ് വേദാംഗങ്ങള്‍. ഇതില്‍ 'കല്പം' എന്ന ശാഖ വൈദിക അനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ളതാണ്. ഭാരതത്തിൽ നമുക്കിന്നു ലഭ്യമായിട്ടുള്ള ഏറ്റവും പഴയ ജ്യോതിഷഗ്രന്ഥമായ ലഗധമുനിയുടെ 'വേദാംഗ ജ്യോതിഷം' പറയുന്നത് പ്രകാരം "ബലികർമങ്ങൾ അനുഷ്ഠിക്കുന്നതിനാണ് കാലഗണന ആവശ്യമായി വരുന്നത്. വേദങ്ങളില്‍ പറയുന്ന ക്രിയകള്‍ക്ക് നിശ്ചിത മുഹൂര്‍ത്തം (അനുയോജ്യമായ കാലം) ആവശ്യമാണ്. കാലക്രമമനുസരിച്ച് വൈദിക ആചാരങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ആയതിനാൽ കാലഗണനാ ശാസ്ത്രം അറിയുന്നവനേ ബലി കർമങ്ങൾ ചെയ്യാന്‍ പാടുള്ളൂ".
ജ്യോതിശാസ്ത്രം ഉപയോഗിച്ച് ഫലം പറയുന്ന രീതി മുന്‍പ് ഭാരതത്തില്‍ ഉണ്ടായിരുന്നില്ല. നേരെ മറിച്ച്, കൃത്യമായ ഗ്രഹസ്ഥാന നിര്‍ണ്ണയം, ഗ്രഹണ നിര്‍ണ്ണയം, സമയ നിര്‍ണ്ണയം എന്നിവ ഉണ്ടായിരുന്നു താനും. ലഗധമുനിയുടെ കൃതിയിൽ അക്കാലത്ത് നിലവിലിരുന്ന പല ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളും ആചാരണങ്ങളും അവയുടെ സമയക്രമവും പരാമർശിക്കുന്നുണ്ട് എങ്കിലും ഗ്രഹങ്ങളെ വച്ച് ഫലം പറയുന്ന രീതി ഒരിടത്തും ചേർത്തിട്ടില്ല. ഫലഭാഗ പ്രവചനം ജ്യോതിശാസ്ത്രത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. ക്രിസ്തു വര്‍ഷാരംഭത്തോട് അടുത്താണ് ഇത്തരം ഒരു ചിന്താധാര രൂപപ്പെട്ടത് എന്ന് ചില ഗവേഷകള്‍ പറയുന്നു. ബാബിലോണിയന്‍ പ്രവചന ധാര പഠിച്ചും പ്രചരിപ്പിച്ചും വന്നിരുന്ന ഒരു കൂട്ടം പുരോഹിതരുടെയും സഞ്ചാരികളുടെയും സ്വാധീനം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാൻ ഈ ഫലഭാഗ ജ്യോതിഷമാണ് ഇന്ന് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുന്നത്. ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്‍റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി പ്രവചിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ഫലഭാഗ ജ്യോതിഷത്തിന്‍റെ അടിസ്ഥാന തത്വം. ഇപ്രകാരം ഒരു ചിന്താധാര വന്നതോടെയാണ് ജ്യോതിഷത്തെ അന്ധവിശ്വാസമായി കണക്കാക്കുന്നതിനും അതിലെ വിജ്ഞാനപ്രദമായ ഗണിത ഭാഗം തമസ്കരിക്കാനും ഇടയാക്കിയത്.
പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്‍റെ വളർച്ചയുണ്ടായത്. സൂര്യൻ, ചന്ദ്രൻ, ബുധൻ, ചൊവ്വ, വ്യാഴം, ശുക്രന്‍, ശനി എന്നീ ഏഴ് ആകാശഗോള വസ്തുക്കളും; ചാന്ദ്രപഥവും ക്രാന്തി വൃത്തവും സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന രാഹു, കേതു എന്നീ നിഴൽ സ്ഥാനങ്ങളും ചേർത്ത് നവഗ്രഹങ്ങളുള്ളതായി പ്രാചീനർ സങ്കൽപ്പിച്ചു. സൂര്യനെയും ചന്ദ്രനെയും രാഹുവിനേയും കേതുവിനേയും ഗ്രഹങ്ങളായാണ് അന്ന് സങ്കല്പിച്ചിരുന്നത്. ഫലഭാഗ ജ്യോതിഷത്തിൽ ഇപ്പോഴും അത് തുടരുന്നു. എന്നാൽ ഭാരതീയ ഗണിത ശാസ്ത്രകാരന്മാർക്ക് രാഹു, കേതു എന്നിവ നിഴൽ വീഴുന്ന രണ്ടു ബിന്ദുക്കൾ തന്നെ ആയിരുന്നു.പക്ഷെ, ഗണിതവും ഫല പ്രവചനവും കൂടിക്കുഴഞ്ഞപ്പോൾ മറ്റൊന്ന് സംഭവിച്ചു. ഭാവി അറിയാനുള്ള മനുഷ്യന്‍റെ സഹജമായ ആഗ്രഹം മുന്നിട്ടു നിന്നു. അങ്ങനെ ഗ്രഹങ്ങളെ ഉപയോഗിച്ച് ഭാവി പ്രവചിക്കുന്ന ഒരു വിദ്യയായി ജ്യോതിഷം രൂപാന്തരപ്പെട്ടു.
നവഗ്രഹങ്ങളുടെ സൂര്യന് ചുറ്റുമുള്ള ചലനം ഒരു പ്രത്യേക സമയക്രമത്തിലാണ്. ആയതിനാൽ ഒരാൾ ജനിക്കുന്ന സമയത്തുള്ള നവഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചാൽ പിന്നീട് എത്ര കാലം കഴിഞ്ഞാലും ആസമയത്തെ നവഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കി അയാളുടെ പ്രായം കണക്കാക്കുവാൻ ഈ സങ്കേതത്തിലുടെ കഴിഞ്ഞിരുന്നു. ആദ്യകാലത്ത് ദിക്കറിയുന്നതിനും കാലഗണനയ്ക്കുമൊക്കയായി പുരോഹിതന്മാരും സഞ്ചാരികളും കർഷകരും മറ്റും ഉപയോഗിച്ചിരുന്ന സമ്പ്രദായമായിരുന്നു ഇത്. പിന്നീട് വ്യക്തിപരമായ കാര്യങ്ങളിലേക്ക് ജ്യോതിഷം കടന്നു തുടങ്ങി. കാലം കുറെ കടന്നപ്പോള്‍ വൈദിക പൂജകള്‍ക്കും ആചാരങ്ങള്‍ക്കുമുള്ള സമയക്രമം മാത്രമല്ല, ബാധ, ശത്രുത, ആഭിചാരം തുടങ്ങിയ വിശ്വാസം മാത്രം അടിസ്ഥാനമായ വ്യക്തിപരമായ കാര്യങ്ങളും ഗ്രഹങ്ങൾ സൂചിപ്പിക്കുന്ന അവസ്ഥ ഉണ്ടായി. അങ്ങനെയാണ് കുടുംബ ജീവിതത്തിലും സമൂഹത്തിലും ജ്യോതിഷം വിശ്വാസത്തിന്‍റെ വേര് പടർത്തിത്തുടങ്ങിയത്.
യഥാര്‍ത്ഥത്തില്‍, പ്രാചീന ജ്യോതിഷം നല്‍കുന്ന ഫലപ്രവചനങ്ങള്‍ പോലും പുരാതന മനശ്ശാസ്ത്ര തത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തി ആയിരുന്നു. ദൈവജ്ഞന്‍റെ ജീവിതരീതി, നിരീക്ഷണ പാടവം, ഫലം പറയാന്‍ ആശ്രയിക്കുന്ന വസ്തുതകള്‍ തുടങ്ങിയവ എല്ലാം സാധാരണ ജീവിതം നയിക്കുന്ന മനുഷ്യരില്‍നിന്നും വളരെ വ്യത്യസ്തമാണ്. എന്നാല്‍ സമൂഹത്തില്‍ അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടുകയും വിശ്വാസം അതിനൊരു മാര്‍ഗ്ഗം ആയിത്തീരുകയും ചെയ്തപ്പോഴാണ് തനതു ശാസ്ത്രം വികലമാക്കപ്പെട്ടത്. ഋഷിമാര്‍ പകര്‍ന്നു നല്‍കിയ യഥാര്‍ത്ഥ ജ്ഞാന സാഗരത്തെ നമുക്ക് ആദരിക്കാം.