Tuesday, December 4, 2018

ക്രാന്തി വൃത്തവും രാശി ചക്രവും വിഷുവും (Ecliptic, Zodiac & Equinox)

Image result for sunrise pictures

സൂര്യന്‍ എന്നും ഉദിക്കുന്നത് കിഴക്കും അസ്തമിക്കുന്നത് (Sunrise & Sunset) പടിഞ്ഞാറുമാണോ?
തെളിഞ്ഞ കാലാവസ്ഥയുള്ള ഏതാനും മാസങ്ങളില്‍ സൂര്യന്‍റെ ഉദയവും അസ്തമയവും നിരീക്ഷിച്ചാല്‍ രസകരമായ ഒരു കാഴ്ച കാണാം. മാര്‍ച്ച് മാസം (മീനം) അവസാനം മുതല്‍ സൂര്യന്‍ ഉദിക്കുന്നത് നേരെ കിഴക്ക് ദിക്കില്‍ അല്ല. ഓരോ ദിവസവും കിഴക്ക് ദിക്കില്‍ നിന്നും അല്‍പാല്‍പം വടക്കോട്ട്‌ മാറുന്നു. ഒരു വടക്ക് നോക്കി യന്ത്രവും (Compass Needle) കൂടി കൈയില്‍ ഉണ്ടെങ്കില്‍ കൂടുതല്‍ കൃത്യമായി ഇത് അറിയാം. അസ്തമയവും ഇതേപോലെ മാറുന്നു. പിന്നെ സൂര്യന്‍ നേരെ കിഴക്ക് ഉദിക്കുന്നത് സെപ്തംബര്‍ പകുതിക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ സെപ്തംബര്‍ 23-ന്. അതിനു ശേഷം അടുത്ത 3 മാസങ്ങളില്‍ തെക്കോട്ടാണ് മാറുന്നത്. ഇങ്ങനെ ഡിസംബര്‍ 22- വരെ നീങ്ങി വീണ്ടും തിരികെ സഞ്ചരിച്ച് കിഴക്ക് എത്തിച്ചേരുന്നു മാര്‍ച്ച് 21 -ന്. അപ്പോള്‍ സൂര്യന്‍ നേരെ കിഴക്ക് ഉദിക്കുന്നത് വര്‍ഷത്തില്‍ വെറും 4 ദിവസങ്ങള്‍ മാത്രം!



(ചിത്രത്തിന് കടപ്പാട് : Wikipedia)

ഭൂമിയുടെ ചുറ്റും മറ്റൊരു ഗോളമായി കാണപ്പെടുന്ന ആകാശം എന്ന സങ്കല്‍പ്പ തലത്തിലൂടെയാണ് സൂര്യനും ചന്ദ്രനും സൌരയൂഥത്തിലെ ഗ്രഹങ്ങളും ചലിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്. ഭൂമിക്കുചുറ്റുമുള്ള ഒരു വലിയ ഗോളമായി ആകാശത്തെ പരിഗണിച്ചുകൊണ്ട് അതിനെ ഖഗോളം എന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഭൂമധ്യ രേഖയ്ക്ക് സമാന്തരമായി ഖഗോളത്തില്‍ സങ്കല്പിച്ചിട്ടുള്ള രേഖയാണ് ഖഗോള മധ്യരേഖ. ഖഗോള മധ്യ രേഖയുടെ ഇരു വശത്തുമായി ഏകദേശം 15 ഡിഗ്രി വരുന്ന പാതയിലൂടെ ഗ്രഹങ്ങളും സൂര്യചന്ദ്രന്മാരും സഞ്ചരിക്കുന്നതായി നമുക്ക് കാണാന്‍ കഴിയുന്നു. ഇതാണ് രാശി ചക്രം (Zodiac). ഖഗോളത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്ന പാതയാണ് ക്രാന്തിവൃത്തം (Ecliptic). 

ഖഗോളമധ്യരേഖയും ക്രാന്തിവൃത്തവും തമ്മില്‍ 23.5 ഡിഗ്രി ചരിവുണ്ട്. അതിനാല്‍ ഇവ രണ്ട് സ്ഥാനങ്ങളില്‍ അന്യോന്യം ഛേദിച്ചു കടക്കുന്നതായി കണക്കാക്കുന്നു. ഈ ബിന്ദുക്കള്‍ ആണ് വിഷുവസ്ഥാനങ്ങള്‍ (Equinox). എപ്പോഴും ഭൂമിയുടെ ഇരുവശങ്ങളിലായി 180 ഡിഗ്രി വ്യത്യാസത്തില്‍ ആയിരിക്കും ഈ വിഷുവ സ്ഥാനങ്ങള്‍. ഇവയിലൊന്നിനെ പൂര്‍വവിഷുവം അഥവാ വസന്തവിഷുവം(Vernal Equinox) എന്നും മറ്റതിനെ ഉത്തര വിഷുവം അഥവാ തുലാവിഷുവം( Autumnal Equinox) എന്നും വിളിക്കുന്നു. 


ആകാശമെന്ന സങ്കല്പ മണ്ഡലത്തില്‍, സൂര്യന്‍റെയും ഭൂമിയുടെയും ഇപ്പോഴുള്ള സ്ഥാനം അനുസരിച്ച് സൂര്യന്‍ ക്രാന്തി വൃത്തത്തിലൂടെയുള്ള സഞ്ചാരത്തിനിടയ്ക്ക് മാര്‍ച്ച് 21ന് വസന്ത വിഷുവത്തിലെത്തും. സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരെ മുകളിലായതുകൊണ്ട് ഭൂമധ്യരേഖാപ്രദേശത്ത് അന്നേ ദിവസം സൂര്യരശ്മികള്‍ കുത്തനെ പതിക്കുന്നു. അന്ന് ഭൂമധ്യ രേഖയില്‍ രാത്രിക്കും പകലിനും തുല്യദൈര്‍ഘ്യമായിരിക്കും. ഇതാണ് സമരാത്രദിനം (Equinox). തുടര്‍ന്ന് ഓരോ ദിവസവും സൂര്യന്‍ ഉദിക്കുന്ന സ്ഥാനം വടക്കോട്ട് നീങ്ങും. അസ്തമിക്കുന്ന സ്ഥാനവും. കൂടാതെ ഓരോ ദിവസം കൂടുമ്പോഴും പകലിന്‍റെ ദൈര്‍ഘ്യം കൂടിക്കൂടി വരുന്നതായി നമുക്കനുഭവപ്പെടും. സൂര്യന്‍ ഇപ്രകാരം സഞ്ചരിച്ച്, ജൂണ്‍ 22ന് 23.5 ഡിഗ്രി വടക്കുള്ള ഉത്തരായന രേഖയ്ക്ക് മേലാകും. ഇതിന് ഉത്തര അയനാന്തം (Summer Solstice) എന്നാണ് പറയുന്നത്. ഈ ദിവസം ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തിലുള്ളവര്‍ക്ക് പകലിന് ഏറ്റവും നീളം കൂടുതലും രാത്രി ഏറ്റവും കുറവും അനുഭവപ്പെടും. ദക്ഷിണാര്‍ധ ഗോളത്തിലുള്ളവര്‍ക്ക് നേരെ തിരിച്ചും അനുഭവപ്പെടും.

ജൂണ്‍ 22ന് ശേഷം ഉത്തര അയനാന്തത്തില്‍ നിന്നും സൂര്യന്‍ തിരിച്ചുള്ള യാത്ര ആരംഭിക്കുകയും സെപ്റ്റംബര്‍ 23ന് മധ്യരേഖയില്‍ ഉത്തര വിഷുവത്തിലെത്തുകയും ചെയ്യും. അന്ന് വീണ്ടും ഭൂമിയിലെല്ലായിടത്തും സമരാത്രദിനമായിരിക്കും. തുടര്‍ന്ന് തെക്കോട്ട് തന്നെ സഞ്ചരിച്ച് ഡിസംബര്‍ 22ന് സൂര്യന്‍ ദക്ഷിണായന രേഖയ്ക്ക് മേലെയാകുന്നു. ഇതാണ് ദക്ഷിണ അയനാന്തം (Winter Solstice). ഈ ദിവസം ഉത്തരാര്‍ധ ഗോളത്തില്‍ പകലിനു ദൈര്‍ഘ്യം കുറവായും രാത്രിക്ക് കൂടിയ സമയ ദൈര്‍ഘ്യവും അനുഭവപ്പെടും. ഡിസംബര്‍ 22ന് ശേഷം സൂര്യന്‍ തിരിച്ച് വടക്ക് ദിക്കിലേക്ക് യാത്രയാവുകയും വീണ്ടും മാര്‍ച്ച് 21ന് വസന്ത വിഷുവത്തില്‍ എത്തുകയും ചെയ്യും.


യഥാര്‍ത്ഥ മേട വിഷു (Vishu) എന്നാണ്?

Image result for കണിക്കൊന്ന images

(ചിത്രം കടപ്പാട്  : Daily Hunt)
കേരളത്തിന്‍റെ സംസ്കാരം കാര്‍ഷികാധിഷ്ഠിതമാണ്. മേട മാസത്തിലെ വിഷുവാകട്ടെ ഏറ്റവും പ്രധാന കാര്‍ഷികോല്‍സവവും. 'വിഷു' എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ആണ് ആഘോഷിച്ചിരുന്നത്. ഇപ്പോള്‍ തുലാ വിഷുവിന് വലിയ പ്രാധാന്യം നല്‍കിക്കാണുന്നില്ല. മേട വിഷു പതിവായി ആഘോഷിക്കുന്നത് ഏപ്രില്‍ 14 അല്ലെങ്കില്‍ 15 (മേടം-1) ആണ്. എന്നാല്‍ അത് ഒരു സമരാത്ര ദിനമല്ല താനും.

നമ്മുടെ കലണ്ടര്‍ കാലാനുസൃതമായി പരിഷ്കരിച്ചിട്ടില്ല എന്നത് ഖേദകരമായ ഒരു സത്യമാണ്. ഇന്നും നമുക്ക് വിഷു എന്നത് ഇപ്പോഴും മേടമാസത്തില്‍ ആണ്. ഏകദേശം 1600 കൊല്ലങ്ങള്‍ക്ക് മുമ്പ് വസന്ത വിഷുവം മേടം 1ന് (ഏപ്രില്‍ 14) ആയിരുന്നു. അതുകൊണ്ടാണ് മേടം 1-ാം തീയതി വര്‍ഷാരംഭമായും വിഷുദിനമായും ആചരിച്ചുപോന്നത്. അതായത്, കേരളത്തിലെ കലണ്ടര്‍ പരിഷ്‌ക്കരണം നടന്നത് ഏകദേശം 1600 കൊല്ലങ്ങള്‍ക്ക് മുമ്പ് ആയിരിക്കാനാണ് സാധ്യത. പിന്നീട് പുരസ്സരണം (Procession) എന്ന പ്രതിഭാസം വഴി ഭൂമിയുടെ സ്ഥാനവ്യതിയാനം മൂലം വിഷുവങ്ങളുടെ സ്ഥാനം വ്യത്യാസപ്പെട്ടു. വിഷുവസ്ഥാനത്തിനുണ്ടായ മാറ്റം നമ്മുടെ കലണ്ടറുകളില്‍ പരിഷ്‌ക്കരിക്കാതെ പോയതുകൊണ്ടാവാം ഇന്ന് സമരാത്രദിനം മീനം ഏഴിനായിരുന്നിട്ടും വിഷു ആചരിക്കുന്നത് മേടം ഒന്നിനാവുന്നത്. സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വാകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ അതിന്‍റെ സ്വാഭാവികമായുള്ള കറക്കത്തിന്‌ പുറമേ 26,000 വർഷം കൊണ്ട്‌ പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്‌. ഈ വ്യതിയാനമാണ് പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നത്.

ഭൂമിയുടെ അച്ചുതണ്ടിന്‍റെ പുരസ്സരണം മൂലം ഘടികാമണ്ഡലം (സൂര്യനും ഗ്രഹങ്ങളും സഞ്ചരിക്കുന്നതായി തോന്നുന്ന മണ്ഡലം) ഓരോ വർഷവും 50.26‘’ (50.26 ആർക്‌ സെക്കന്റ്) വീതം പിന്നോട്ട് കറങ്ങികൊണ്ടിരിക്കുന്നു. അതിന്‍റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 71 വർഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകുന്നതായി കണക്കാക്കിയിരിക്കുന്നു. 

എന്നാല്‍ പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്ക് പ്രകൃതി തന്നെയാണ് കലണ്ടര്‍. കണിക്കൊന്ന (Kanikkonna- Cassia fistula) മീനമാസത്തില്‍ തന്നെ പൂവിടുന്നതു നാം കാണുന്നതാണല്ലോ. ചേനയും ചേമ്പും ചെറുകിഴങ്ങും നനകിഴങ്ങും കാച്ചിലും എല്ലാം വിഷു ആഘോഷത്തിനു ഏകദേശം ഒരു മാസം മുന്‍പ് തന്നെ വിളവെടുപ്പിനു പാകമാകുന്നു. കാലം മാറുന്നത് അറിയാത്തത് നാം, മനുഷ്യന്‍ മാത്രമാണ്.

No comments:

Post a Comment